പിന്നെയും പിന്നെയും ആരോ കിനാവിന്റെ

പടി കടന്നെത്തുന്ന പദനിസ്വനം (2)

പിന്നെയും പിന്നെയും ആരോ നിലാവത്ത്

പൊന്‍‌വേണുവൂതുന്ന മൃദു മന്ത്രണം (പിന്നെയും...


പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ

പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം

അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍

അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം

മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ

ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം (2)

താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിൻ

തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം (പിന്നെയും...


തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍

നെറുകയില്‍ ചന്ദനം തൊട്ടതാവാം

കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍

കുസൃതിയാല്‍ മൂളി പറന്നതാവാം

അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം

അഴകോടെ മിന്നി തുടിച്ചതാവാം (2)

ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ

സ്വകാര്യം പറഞ്ഞതാവാം (പിന്നെയും...)

Previous Post Next Post