One Under The Sun Lyrics

ഈ നാട്ടിൽ എല്ലാർക്കും ജീവിക്കണ്ടേ
ഈ ലോകം എല്ലാർക്കും വേണ്ടിയുള്ളതല്ലേ
നിങ്ങൾതൻ കണ്ണിൽ തിരിയാത്തൊരു സ്വത്വത്തിൻ ചുമടും പേറി

ചുവടുവെയ്ക്കാൻ പോലും ഇനിയില്ലേ ഇവിടെ അവകാശം
മാറണം മാറ്റണം ചിന്തകളേ
ഈ ലോകം എല്ലാർക്കും വേണ്ടിയുള്ളതല്ലേ

ആരവമില്ലാ ജന്മങ്ങൾ വെന്തുവിങ്ങി വീണീടുന്നു 
മൂർച്ചയേറുന്ന നോട്ടങ്ങൾ പ്രാണൻ പതിവായ് കൊയ്യുന്നു
വിജനമാകുന്ന തെരുവിലേക്കു നീ ചിതലരിക്കുവാൻ തള്ളുന്നു
അഭയമേകുവാൻ കാത്തിരിക്കുന്നു നിലയതില്ലാത്ത കല്ലറകൾ


അലിവതില്ലാതെ പകയുമായി നീ 
അരിശമേറുന്ന ഗർവ്വുമായി നീ
കാതടയ്ക്കാതെ കണ്ണടയ്ക്കാതെ കൂരിരുട്ടിന്റെ കൂട്ടു തേടി നീ
രാവിലൊരു മുഖം ഇരുളിലൊരു മുഖം കപടമാകുന്ന പൊയ്മുഖങ്ങളും
കാമവെറിയിലോ ചൂഴ്ന്ന് തിന്നുവാൻ കലഹമായി അധഃപതനമായി


കുരുതി നൽകുവാൻ ബലിയതല്ല ഞാൻ
തടവിലാക്കുവാൻ പ്രതിയതല്ല ഞാൻ
മാറ്റി നിർത്തുവാൻ വേട്ടയാടുവാൻ നിനക്കില്ലയിനി അവകാശം

ഇതെന്റെ മണ്ണ് ഇതെന്റെ നാട് ഇതെന്റെ ഭൂമി ഇതെന്റെ ലോകം
ഉദയമാകുന്ന ജ്വലനമാകുന്ന 
സൂര്യനു കീഴിൽ നാമൊന്ന്
ഈസൂര്യനു കീഴിൽ നാമൊന്ന്… (4)


പട്ടം പോലെ പറന്ന് പറന്ന് പറന്ന് പറന്ന് ഉയർന്നീടാൻ
നെഞ്ചിന്നുള്ളിൽ കനവും കൊണ്ട് ജീവിക്കുന്നു ഒരുകൂട്ടർ
അധികാരികളെ തലവന്മാരെ ദൈവമേ
കാണരുതേ കേൾക്കരുതേ 
കണ്ണീരും അലമുറയും ജീവിതവും പ്രാർത്ഥനയും വേദനയും നിങ്ങൾ

യുഗയുഗങ്ങളായി ശാപത്തിൻ ചുടുപ്രതീകമായി മാറും നേരം
ശാസ്ത്രമെന്ന യാഥാ‍ർത്ഥ്യത്തിൻ ധ്വനി കേട്ടില്ലെന്ന് നടിക്കും നേരം
അപവാദത്തിൻ ഭാണ്ഡം പേറി പരവശമായ് പലപകലുകളായി
പരുഷമാകുന്ന പാത പിളർത്തി പുലരി തേടി ഞാൻ യാത്ര തുടർന്നു

നീതിന്യായങ്ങൾ മാറി വന്നാലും ആവിയാക്കുന്നു സംസ്കാരം
രൂപഭാവങ്ങൾ പലവിധമെങ്കിലും വേരുകളെല്ലാം ഒന്നാണേ
തേങ്ങലാണ് ഇത് നീറ്റലാണ് പകപോക്കലാണ് ഇത് കോപമാണ്
ഇത് യത്നമാണ് പോരാട്ടമാണ് ഈ എന്റെയുള്ളിലും ചോരയാണ്

ഈ മഴയും ഈ കുളിരും ഈ കാറ്റും ഈ മഞ്ഞും കാനനവും
ഈ നദിയും ഈ പൂവും ഈ മലയും ഇക്കാണും സാഗരവും
ഇതെന്റെ മണ്ണ് ഇതെന്റെ നാട് ഇതെന്റെ ഭൂമി ഇതെന്റെ ലോകം
ഉദയാമാകുന്ന ജ്വലനമാകുന്ന 
സൂര്യനു കീഴിൽ നാമൊന്ന്
ഈ സൂര്യനു കീഴിൽ നാമൊന്ന്.. (4)

"One Under The Sun"- Akhil Ramachandran Project | Ft. Vedan & James Thakara |Kevin soney



Previous Post Next Post